Tuesday, 25 October 2016

അമ്മ

പുസ്തകം കൊണ്ട് വരാൻ മറന്നപ്പോൾ ടീച്ചർ ചോദിച്ചു,

ചോറു കൊണ്ട് വരാൻ മറന്നോ എന്ന്.

"ഇല്ല"

അതെന്താ മറക്കാഞ്ഞത് ?

"ചോറു ബാഗിൽ വെക്കുന്നത് അമ്മയും, പുസ്തകം ബാഗിൽ വെക്കുന്നത് ഞാനും ആണ് ടീച്ചർ."

തണൽ

അന്നു കൊണ്ടൊരാ-
മരത്തിന്റെ ‌തണലിന്നെനിക്ക് 
കാണുവാനൊക്കുമോ.

കാണുവാനൊക്കില്ല!
ഇനിയൊരിക്കലെങ്കുമെങ്കിലീ-

ചിന്ത തന്നെയല്ലെ നാളെകൾക്കാധാരം.

തോണികൾ

മനസിരമ്പുന്ന വേഗത്തിനാൽ എന്റെ
തോണികൾ തകിടം മറഞ്ഞു .
പ്രതീക്ഷകളും പ്രതിബന്ധങ്ങളും
അനുപൂരകങ്ങളായി ജീവിത വഴികളിൽ
കമ്പി വേലികൾ തീർത്തു.

ഞാൻ എന്റെ മനസ്സിനെ ആശ്വസിപ്പിച്ചു.

നീ ഉണ്ടാക്കിയ തോണികൾ കടലാസ്സുകൊണ്ടല്ലേ?...
ഉരുക്ക്കൊണ്ടാല്ലലോ എന്ന്,.


പ്രതികാരം

എന്നിഛ ഞാൻ പറഞിട്ടാണു നീ
അറിഞ്ഞതെങ്കിൽ,
പ്രണയമല്ലത്‌, പരാജയമെന്നു ഞാൻ
പറയും.
എന്നിട്ട്‌,
നിൻ ആഗ്രഹം ഞാൻ അറിഞ്ഞത്നീ പറയാതെയാണെങ്കിൽ,

എന്റെ പ്രതികാരം പോലും പ്രണയം ആണെന്നു നീ മനസ്സിലാക്കുക.


Monday, 3 October 2016

ന ചിന്ത സ്വതന്ത്ര്യമർഹതി!

ന ചിന്ത സ്വതന്ത്ര്യമർഹതി!

ചിന്തയെന്റെ  സൗഹൃദം തകർക്കുവാൻ പോന്നതെങ്കിൽ,
ചിന്തയാൽ ഉറ്റവർതൻ ജീവിതം കയ്പിനാൽ ചവർക്കുമെങ്കിൽ,
ചിന്ത എന്നിലെ എന്നെ വേറെയാക്കുവാൻ പോന്നതെങ്കിൽ.

ചിന്തിക്കാതിരിക്കു , ഈ നല്ല ഭൂമിയിൽ ചിന്തിച്ചു പരീക്ഷിച്ചു,
സമയം കളയാതെ.






ഒരു കൊച്ചു യാത്രാ വിവരണം, 2016

ഒരു കൊച്ചു യാത്രാ വിവരണം, 2016
കൊച്ചി- അബുദാബി

വെക്കേഷൻ കഴിഞ്ഞു വീട്ടിൽ നിന്നും പോവുന്നതിന്റെ വിഷമം പേറിക്കൊണ്ട് എയർപോർട്ടിൽ എത്തി ഇമ്മിഗ്രേഷനും എല്ലാം കഴിഞ്ഞു വെയ്റ്റിംഗ് സ്ഥലത്തു ഇരിക്കുമ്പോളാണ് എനിക്കും അവൾക്കും ചെറുതായൊന്നു വിശന്നത്, വിശപ്പ് നല്ലതാണ്... അല്ലെ?

ഒരു ചായയും, കട്ലെറ്റും, പഫ്‌സും കഴിച്ചു കഴിഞ്ഞപ്പ ഒരു തുണ്ടു സ്വർണം വാങ്ങണ പൈസയായി. അനുശ്രീ നേരത്തെ തന്നെ പറഞ്ഞതായിരുന്നു ഇവിടെ ഒടുക്കത്ത  വില ആണെന്നു,  ഹൈ അനുശ്രീനെ മനസ്സിലായില്ല? മ്മടെ " അരുണേട്ടാ ഐ മിസ് യു " ഫെയിം. എന്നാലും ദാഹിച്ചതു കൊണ്ട് കാപ്പീം കൂടി കുടിക്കാന് വിചാരിച്ചു നെസ്കഫേ  പറഞ്ഞു. തിരിച്ചൊരു ചോദ്യം പാല് വേണോന്നു.

എന്താ ലെ?
പാലില്ലേൽ പിന്നെ എങ്ങനേണ് നെസ്കഫേ ഉണ്ടാക്കണത് ഭായി ?

പാൽ അല്ലേൽ പൊടി അതാണ് മച്ചാൻ ഉദ്ദേശിച്ചത്. ഞാൻ തെറ്റിദ്ധരിച്ചു.

ഒട്ടും കുറച്ചില്ല പാൽ തന്നെ  പറഞ്ഞു. രണ്ടു മിനുറ്റിൽ 120 രൂപേടെ നെസ്കഫേ യും കുടിച്ചു .....പൊടി ആയിരുന്നേൽ പകുതി കാശ്‌ ....ഏയ് അങ്ങനെ ചിന്തിച്ച ജീവിക്കാൻ പറ്റുവോ ?

ഇളിഭ്യനായി വിഷണ്ണനായി ഞാൻ നിന്നു.  ബാല്യം കഴിഞോണ്ടു  മാത്രം പകച്ചു പോയില്ല.

വിശപ്പ് നല്ലതാണോ എന്ന് ചോയിച്ചപ്പ അതെന്നു പറഞ്ഞവരെവിടെ?
അതത്ര നല്ലതല്ലാട്ടാ...

രണ്ടു  മണിക്കൂർ സമയം കഴ്ഞ്ഞു, ഫ്ലൈറ്റിലേക്കു കയറി, രാത്രി ആയതു കൊണ്ട് ഒന്ന് ഉറങ്ങിയേക്കാം മാത്രവുമല്ല നാട്ടിൽ നിന്ന് പോവുന്നത് കൊണ്ട് ശുഷ്കാന്തിക്ക് നല്ല കുറവും ഉണ്ട്.

കുറച്ചു സമയത്തിനകം എല്ലാവരും മയക്കത്തിലേക്ക് വീണു തുടങ്ങി, എനിക്കും ഉറങ്ങണം എന്നുണ്ട്, കണ്ണടച്ചു ഒരു പാട് ശ്രെമിച്ചു, പറ്റുന്നില്ല.. എന്തോ ഒരു ശബ്ദം വല്ലാതെ അലട്ടുന്നു.... അത് കൂടി കൂടി വന്നു. അതെ.. വെറുപ്പിക്കൽ കൂർക്കം വലി തന്നെ. പുറകിൽ ഇരിക്കുന്ന ആരോ ആണ്.കുറച്ചു കഴിഞ്ഞാ നിർത്തുമല്ലോ... ശരിയായിക്കോളും എന്ന് വിചാരിച്ചു വീണ്ടും ശ്രമിച്ചു, അവസാനം നിർത്തി.... ഫ്ലൈറ്റ് നിർത്തി..

പുറകിലോട്ടു നോക്കിയപ്പോ കൂർക്കം വലിച്ച  ആളെ കണ്ടു. ഒന്നും അറിയാത്ത, ഞാൻ ഈ ഫ്ലൈറ്റിലെ ഉള്ള ആളല്ല എന്ന മട്ടിൽ ഒരു മനുഷ്യൻ, കുറച്ചു മുൻപ് വരെ  ഒരു പാട് സ്മരിക്കപ്പെട്ട ആ മനുഷ്യന്റെ അച്ഛനെ ആലോചിച്ചു ഫ്ലൈറ്റിൽ നിന്നിറങ്ങി.

ആദ്യം  കഴിച്ച ഭക്ഷണവും, പിന്നെ പുറകീന്നു കുത്തിയ മനുഷ്യനും. രണ്ടും കൊണ്ടുള്ള യാത്ര. കൊച്ചി- അബുദാബി. 2016 വെക്കേഷൻ .










Wednesday, 20 April 2016

കരിയും വേണം കരിമരുന്നും വേണം

കണ്ടോ നീ,

   പൊട്ടി ചീറ്റലുകളാൽ ജീവൻ പൊലിഞ്ഞത്,

   ആകാശത്ത് വിരിയാൻ തൊടുത്തത്‌ നെഞ്ചത്ത് വീണതു.

   അരുമയയുറ്റവാന്റെ ശേഷക്രിയകൾ മറ്റൊരു ശരീരത്തിൽ ചെയ്തത്.


കണ്ടോ നീ,

    ഒറ്റ കൊമ്പിൽ കോർത്ത്‌ മദയോട്ടം നടത്തിയത്.
  
    ഉത്സവപ്പറമ്പുകൾ ശവപ്പറമ്പ്‌കളായത്.


           കരിയും വേണം കരിമരുന്നും വേണം
                                    
           കരയാനിടവരാത്തവണ്ണമെന്നു മാത്രം.


            കരിമരുന്നു ഒരു നൂറു വാരക്കപ്പുറവും

            കരി  തണലിന്നടിയിലുമെങ്കിൽ 

            കരിയും വേണം കരിമരുന്നും വേണം


Tuesday, 19 April 2016

ഹൈകു

അന്നു നീ ചെയ്തതിലും, ഇന്ന് നീ ചെയ്യുന്നതിലും 
എന്റെ മറുവാക്ക് നിന്നെ പിന്നിലോട്ടായാൻ 
പ്രേരിപ്പിക്കുന്നിലെങ്കിൽ,

എന്നിലെ നിസ്സഹായതയാണു നിൻ കൂട്ടുകാരൻ.
ഞാനല്ല.

Monday, 14 March 2016

ദേവു കൊച്ചണ്ടാത്തി....- മൈ ഫസ്റ്റ് ഗേൾ ഫ്രണ്ട്.

എന്റെ അച്ഛമ്മ!!

"എനിക്കെത്ര പെരക്കുട്ടികളുണ്ട് .. പക്ഷെ ഇങ്ങനാരും ചെയ്തട്ടില്ല  !!" എന്നെ പറ്റി  ഇടക്ക് അച്ഛമ്മ പറയണതാ...." ദേവു കൊച്ചണ്ടാത്തീ...ദേവകി ....ദേവു... "ഇങ്ങനൊക്കെ അച്ഛമ്മയുടെ ജനലിന്റെ അരികിൽ ചെന്ന് നിന്നു വിളിക്കുമ്പോ.

സ്നേഹ സമ്പന്നയാണ്എങ്കിലും ഇടക്കൊരു ദേഷ്യം വരും. വെപ്പുപല്ല് മാറ്റി വെച്ച് എത്ര ദേഷ്യം വന്നാലും വിഷമം ആവില്ല. കവിൾ ഒക്കെ നല്ല പഞ്ഞി പോലെ ആണ്.

കയ്യിലെ പഞ്ഞി കേട്ട് പോലുള്ള ഭാഗത്ത് തല വെച്ച് ഇരിക്കുമ്പോൾ ഉണ്ടായിരുന്ന തണുപ്പ് ഇപ്പളും  ഉണ്ട് നെറ്റിയിൽ.

ആരു വന്നാലും വയറു നിറച്ച ഭക്ഷണം കൊടുക്കണം എന്നുള്ളത് മാത്രമായിരുന്നു എനിക്കോർമയുള്ള എന്റെ അച്ഛമ്മയുടെ ഏറ്റവും പ്രാധാന്യമുള്ള കാര്യം. അതുകൊണ്ട് തന്നെ അച്ചപ്പത്തിനും പപ്പടവടക്കും ഒക്കെ ഓണവും വിഷുവും വരെ കാക്കേണ്ടി വരാറില്ല.

അച്ചാച്ചന്റെ  പെൻഷൻ കിട്ടുന്ന ദിവസം വൈകീട്ട് പൊറോട്ടയുംകറിയും വാങ്ങാൻ പറഞ്ഞു കാശു തരും...പൊറോട്ട അത്ര ഇഷ്ടോണ്.


"Thirty days hath September,
April, June, and November.
All the rest have thirty one,
Except February alone,
Which has twenty-eight, in fine,
And each leap year twenty-nine."

മാസം എത്ര ദിവസുണ്ട്  എന്ന് ചോദിച്ചാൽ പാടി നോക്കുന്ന പാട്ടാണിത് അച്ഛമ്മയുടെ...അന്നത്തെ 7th പാസ്ആണ്. പതിമൂന്നാമത്തെ വയസ്സിൽ കല്യാണം കഴിഞ്ഞിതാ..

അച്ഛമ്മക്ക് കൊറേ ശിങ്കിടികളുണ്ട്..അച്ഛമ്മ പറഞ്ഞാ എന്തും ചെയ്യുന്നവർ.ശാസനകളൊക്കെ സ്നേഹം മാത്രമാണെന്ന് പണ്ടേ തിരിച്ചറിഞ്ഞവർ. അച്ചമ്മേടെ ഫ്രണ്ട്സാ കമലാക്ഷി അമ്മൂമ്മേം,ചക്കി അമ്മുമ്മേം പോലെ ഒരു പറ്റം അമ്മൂമ്മമാർ.

പെരക്കുട്ടികളിൽ എനിക്കാണ് അച്ഛമ്മയുടെ കൂടെ ഏറ്റവും നാൾ നിക്കാൻ പറ്റിയിട്ടുള്ളത്. അതുകൊണ്ട്  തന്നെ ഏറ്റവും തല്ലുപിടിച്ചതും എന്നോട് തന്നെയായിരിക്കുംകുറെ ദിവസത്തേക്ക് എവിടെ നിക്കാൻ പോയാലും, വേഗം തന്നെ തിരിച്ചു വരും.

മോഹൻ ലാലിനെ ഇഷ്ടം കൂടിയിട്ട്,  TV യിൽ മോഹൻലാലിൻറെ സിനിമ കണ്ടാൽ..എത്ര വയ്യെങ്കിലും " ശുഭം " എഴുതി കാണിച്ചിട്ടേ മുറിയിലേക്ക് പൊവൂ .

"വയ്യെങ്കിൽ പോയി കിടന്നൂടെ അച്ചമേ ?"

" ഏയ്‌ , മോഹൻലാൽ എന്ത് വിചാരിക്കും മോനെ ? " അച്ഛമ്മ പറയണതാ..

അവസാനകാലത്ത് അച്ഛമ്മയുടെ ലോകം കൊറേ സിനിമ പുസ്തകങ്ങളും, TV യും ,പ്രാർത്ഥനാപുസ്തകങ്ങളും ആയിരുന്നു. എല്ലാ ദിവസവും ഉച്ച കഴിഞ്ഞ്. നോക്കി കഴിഞ്ഞ സിനിമ വാരികകളൊക്കെ എടുത്ത് പടം നോക്കും,പടങ്ങളോട് സംസാരിക്കും,ദേഷ്യപ്പെടും, ഉമ്മ കൊടുക്ക്കും.എടുത്ത് കിടക്കയുടെ അടിയിൽ വെക്കും. എല്ലാ പാട്ടുകൾക്കും, വർത്തമാനങ്ങൾകും താളം പിടിക്കണ അച്ഛമ്മയുടെ കൈകൾ ഞാൻ ഒരുപാടു മുറുക്കെ പിടിച്ചിട്ടുണ്ട്. ഒരു നിമിഷം എങ്കിലും കൈ ഒന്ന് അനക്കാതെ വക്കാനുള്ള മുറുകെ പിടിക്കൽ
.
പറ്റിയിരുന്നില്ല...

എന്നെന്ന്ക്കും ആയി കൈകൾ അനങ്ങതെയായി എന്ന് തിരിച്ചറിഞ്ഞ സമയത്ത്, വേർപാട്‌  ഉൾകൊള്ളാൻ മനസ്സ് വൈഷമ്യം കാണിച്ചപ്പോൾ, ജീവിത യാഥാര്ത്യങ്ങളുടെ കയ്പ് ഞാൻ അറിഞ്ഞു.

 വേർപാടുകൾ അല്ലേലും അങ്ങനെയല്ലേ? ഒരുപാടു ഓർമ്മകൾ തന്നു ചിരിച്ചു കൊണ്ട് വിഷമിപ്പിക്കും.

തൊട്ട് അടുത്ത ഉണ്ടായിരുന്നിട്ട് പെട്ടന്നൊരു ദിവസം അങ്ങു പോയപ്പോ ഉണ്ടായ വേദന വാക്കുകളിൽ പ്രതിഫലിപിക്കാൻ മാത്രം കഴിവുള്ളവനല്ല ഞാൻ. .

ഇപ്പോളും വരും, സ്വപ്നങ്ങളിൽ ഞാൻ കാണും, വരും ജന്മങ്ങളിലും എനിക്ക് കാണണം ഇതേ അച്ഛമ്മയെ.






















Monday, 18 January 2016

സ്വപ്നം

വാപ്പാ എന്താ ഈ സ്വപ്നം?

സ്വപ്നം ന്നു വെച്ചാ  ഉറക്കത്തീ കാണണ കിനാവാണ് .

ന്നാ എന്താ ഈ കിനാവ് ?

അതൊരു സംഭവോണ്  കോയാ,  നമ്മളറിയാത്ത ലോകത്തിലേക്ക്  നമ്മളെ കൂട്ടി കൊണ്ട് പോവണ ഒരസ്സൽ സംഭവം.

ഈ സ്വപ്നം, കിനാവ് എന്നോക്ക പറയണ സംഭവം എന്തുട്ടന്നാ ചോദ്യം,

ഇതൊരു ബാല്യക്കാട്ട ദുനിയാവാണ് , ഈ ദുനിയാവില്  കോടിക്കണക്കിനു ആളുകള് ണ്ട്.  ആ ആളുകളൊക്കെ പലോടത്തും എത്താൻ ശ്രെമിച്  വേറെ എവ്ടെയോ ഒക്കെ എത്തി ചേർന്ന ആളുകള് ആണ്.  ഇഷ്ടമുള്ളടത്തെക്ക്  നമ്മളറിയാതെ കൊണ്ട് പോയി,നിന്നോടത്ത് തന്നെ തിരിച്ചു എത്തിക്കണ സാധനോണ് ഈ പറയണ  കിനാവ്.  ഒരു തരത്തിൽ പറഞ്ഞാ, അത് പടച്ചോന്റെ  ഒരു അനുഗ്രഹോണ് .

അപ്പ മ്മ്ട നബീസുനു പേടി ഉള്ളിടത്തെക്ക്  പോവാൻ ഇത്ര ഇഷ്ടോണ?

അതെന്താ?

അല്ല ഓള്  സ്വപ്നം കണ്ടു  പേടിച്ചു എണീറ്റ് ഒച്ച ഇടുക്കണ കേക്കാറില്ലേ. 

അതതല്ല, ഓൾടെ കുഞ്ഞി മനസ്സ്സല്ലേ, പേടിച് കെടന്നോണ്ട്  ഉറങ്ങിയാ ഇങ്ങനത്ത വേണ്ടാ കിനാവും കാണും.

അപ്പ ഈ സ്വപ്നം പടച്ചവന്റെ അനുഗ്രഹോണ്  ലെ?
ഇഷ്ടമുള്ളിടതെക്ക്  നമ്മളെ കൊണ്ട് പോവും ലെ?

അതെ.

ഞാൻ ഒന്ന് പോയി കിടന്നോറങ്ങാൻ പോണേണ് വാപ്പാ, നബീസുന്റടുത്ത്  എന്നെ വന്നു എണീപ്പിക്കരുത് നു പറയണം ട്ടാ വാപ്പാ. ഓളുറങ്ങുമ്പ  ഞാൻ ശല്യപെടുത്താറില്ല്ലല്ല.

നിനക്കെന്താ ഇപ്പ ഒരു ഉറക്കം?

ഉറക്കത്തിൽ ,ഇന്നെനിക്കെന്റെ ഉമ്മാനെ കാണണം. വാപ്പ പറഞ്ഞതൊക്കെ ശരിയാണോന്നു നിക്കൊന്നു ചോയിക്കണം ഉമ്മാനോട്.